Lokanarkavu through experiences
ഏത് ദേശക്കാരനും തൻ്റെ ഗ്രാമം ഏറ്റവും പ്രിയതരമായിരിക്കുന്നതുപോലെ ഇവിടെ ഈ അമ്പല സമുച്ചയവും പയൻതറയും അരയാലിലകൾക്കൊത്ത് താളമിടുന്ന കുഞ്ഞോളങ്ങളുള്ള ചിറകളും അത്രവിശാലമല്ലാത്ത മൈതാനവും ഞങ്ങൾ 'കാവുക്കാരുടെ' ഹൃദയസ്പന്ദനം തന്നെ. ഇന്നത്തെ കല്ലുപതിച്ച നടവഴികൾക്കപ്പുറം മഴപെയ്താൽ അങ്ങിങ്ങ് തങ്ങിനിൽക്കുന്ന വെള്ളക്കെട്ടിൽ കാലടിച്ച് ചെളിവെള്ളം തട്ടിത്തെറുപ്പിക്കാൻ മൌനാനുവാദം തന്നിരുന്ന അച്ചാച്ഛന്റെ വിരലുവിട്ട് ഓടിയിരുന്ന ബാല്യത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അന്ന് ചിര പരിചിതരായിരുന്ന അമ്പലനടയിലെ 'വയസ്സൻ കമ്പനി'ക്കാർ ഒട്ടുമിക്കവരും വിഷ്ണുപാദം പൂകിക്കഴിഞ്ഞു. വല്ലപ്പോഴും വിരുന്ന്കാരെപ്പോലെ വന്നുപോകുന്ന TBS, പുഷ്പക , രാവിലെയും വൈകീട്ടും മാത്രം കാണുന്ന പഴയ സംബന്ധക്കാരനെ അനുസ്മരിപ്പിക്കുന്ന "കോയിക്കോടൻ" ബസ്സെന്ന ഓമനപ്പേരുള്ള Eight Road Ways ആയിരുന്നു യാത്രായാനങ്ങൾ.
കിതച്ചു നീങ്ങി ആശ്രമത്തിൻ്റെ 'ഒന്തം' കയറിക്കഴിഞ്ഞാൽ മാത്രമെ ചില കണ്ടക്ടറ്മാര് ടിക്കറ്റ് തന്നെ കീറാറുണ്ടായിരുന്നത്. കയറ്റത്തിൻ്റ മുക്കാല് ഭാഗത്തെത്തുമ്പോൾ "കൃഷ്ണേട്ടാ കട്ട" എന്ന് driver ക്ലീനറായ കൃഷ്ണേട്ടനെ വിളിക്കാത്ത ദിവസങ്ങൾ കുറവ്. കയറ്റം കയറിക്കഴിഞ്ഞാൽ ബാലൻ കെ നായരെ അടിച്ചുവീഴ്ത്തിയ ജയനായി സ്വയം ചമയുന്ന ഡ്രൈവറുമൊക്കയുള്ള ഞങ്ങളുടെ കാവിന്റെ ദിനങ്ങൾക്കിന്ന് ഒരു പൊതു യാത്രാസൌകര്യം ഇല്ലാ എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. എല്ലാ നാട്ടിൻപുറവുമെന്നപോലെ കലാവേദിയുടെ വാർഷികവും അമ്പലത്തിലെ ഉത്സവവും തന്നെയായിരുന്നു ഇവിടുത്തെയും നിറംമുറ്റിയ ഓർമ്മകൾക്ക് തിലകക്കുറി.
മീനമാസത്തിലെ പൂരവും മണ്ഡലകാലത്തെ വിളക്കും ലോകത്തിൻ്റെ ഏത് കോണിലുമുള്ള 'കാവുക്കാര'ൻ്റെ സ്വപ്ന സദൃശമായ യാഥാർത്ഥ്യമാണ്. മണ്ഡല വിളക്ക് തുടങ്ങുന്നതിനേറെമുമ്പെ സജീവമാകുന്ന കമ്മറ്റികളും ഉത്സവപരിപാടികൾ വിളമ്പരം ചെയ്യുന്ന നോട്ടീസുകളും ശരണമന്ത്രം വിളിക്കുന്ന അയ്യപ്പൻമാരും ഭജനകളും വഴിയോരക്കച്ചവടക്കാരുടെ പൊലിമയും മുതൽ ആനചൂരും മേളക്കൊഴുപ്പും ആസ്വദിച്ച് നുണച്ചിറക്കുന്ന മധുര പലഹാരങ്ങൾക്ക് ഇന്നലെ കഴിച്ച ആധുനിക red velvet cake നേക്കാൾ രുചി. ചുറ്റുവിളക്കിൻ്റെ കാന്തിയും ശ്രീകോവിലിലെ നെയ്തിരിയുടെ പൊലിമയും ഒക്കയായി മണിത്തൂണിൽ വാണരുളുന്ന ലോകർക്ക് അമ്മയായ ദേവിക്കു മുൻപിൽ ഒറ്റചെണ്ടക്ക് അനുസൃതമായി താളം ചവിട്ടുന്ന തെയ്യമ്പാടി കുറുപ്പെന്ന കോമരം.
ഒരേ ദിവസം തന്നെ സരസ്വതി ലക്ഷമീ ദുർഗ്ഗ ഭാവത്തിൽ കുടിയിരിക്കുന്ന അമ്മയുടെ മുൻപിൽ വിവിധ കാലങ്ങളിൽ കൊട്ടിക്കയറി സിരകളിൽ നാമറിയാതെ സംഗീതം പടർത്തിയ അതുല്ല്യരായ എത്രയോ പ്രതിഭകളുടെ കരവൈഭവത്തിൻ്റെ സ്പന്ദനങ്ങളിന്നും ഈ തിരുനടയിലൊരു വഴിപാടുപോലെ അലയടിക്കുന്നത് ഒന്ന് ചെവിയോർത്താൽ കേൾക്കാം. എഴുതുന്നതിൻ്റെ ഒരായിരം മടങ്ങ് മനസ്സിൽ ഹരിതഭംഗിയോടെ നിറഞ്ഞുനിൽക്കുന്നതും ഒരിക്കലെങ്കിലും വന്നു തൊഴുതവർക്ക് ഒരായിരം തവണ കൂടി വന്നു നമിക്കാൻ പ്രേരണയാകുന്നതും അമ്മയുടെ സ്നേഹവാൽസല്യമൊന്ന് കൊണ്ടുമാത്രം
*** ശുഭം ***