Lokanarkavu through experiences
ലോകനാര്കാവ് ഭഗവതി ക്ഷേത്രം : കാവിലമ്മ, കാവിൽ ഭഗവതി, ദേവി എന്നെല്ലാം വിളിപ്പേരുള്ള പഴയ അമ്മദൈവ സങ്കൽപ്പത്തിന്റെ വർത്തമാനകാല തുടർച്ച. ഉത്സവങ്ങളിൽ പ്രധാനം മീനമാസത്തിലെ പൂരം. ഏഴു ദിവസങ്ങളിലായി നടക്കുന്ന പൂരത്തിന്റെ അവസാന രണ്ടു ദിവസങ്ങൾ പ്രധാനം. നഗരപ്രദക്ഷിണവും പള്ളിവേട്ടയും നടക്കുന്ന ഒരു ദിവസവും അവസാന ദിവസത്തെ ഭഗവതിയുടെ വലിയ ചിറയിലെ ആറാട്ടും.
പള്ളിവേട്ട പ്രാചീനമായ മനുഷ്യ ജീവിതത്തിന്റെ ഒരു തിരുശേഷിപ്പ്. വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യന്റെ ഭൂതകാലത്തെ വർത്തമാനത്തിലേക്കു നയിക്കുന്ന രസകരമായ ഒരനുഷ്ഠാനം.
ഉത്സവദിവസം നഗരപ്രദക്ഷിണം കഴിഞ്ഞു ഒരിടവേളക്ക് ശേഷം രാത്രി വൈകി വാദ്യക്കാരും ആനകളും ഉത്സവത്തിലെ പ്രധാനികളും മറ്റു ഭക്തജനങ്ങളും (നാട്ടുകാരും) വേട്ടയ്ക്കായി പുറപ്പെടുന്നു. അമ്പലത്തിൽ നിന്നും അധികം ദൂരെയല്ലാത്ത പുളിക്കൂൽ പറമ്പത്തേക്ക്. ഇവിടെ കൗതുകകരമായ ഒരു കാര്യം ആളുകളെല്ലാം ഈ യാത്രയിൽ നിശബ്ദരായിരിക്കും. വാദ്യക്കാർ കോലുകൊണ്ടു ചെണ്ടയിൽ തൊടില്ല. ആനകളുടെ കഴുത്തിൽ കെട്ടിയ മണികൾ പാപ്പാന്മാർ നിശബ്ദമാക്കും.
പുളിക്കൂൽ പറമ്പിൽ ഒരു പഴയ കാഞ്ഞിരച്ചുവട്ടിൽ നേരത്തെ തന്നെ ഒരു കാട്ടുപന്നിയുടെ മര പ്രതിമ കൊണ്ടുവെക്കും. ആനകളും വാദ്യക്കാരും വേട്ട നടക്കുന്ന സ്ഥലത്തിന് അൽപ്പം മുൻപിലായി നിലയുറപ്പിക്കും. തോക്കുധാരിയായ ഒരാളും മറ്റാളുകളും പ്രതിമ വച്ച സ്ഥലത്തേക്ക് നിശബ്ദരായി നീങ്ങും. അവിടെ എത്തിയാൽ തോക്കുധാരിക്കൊപ്പമുള്ള പ്രായമായ ഒരാൾ നായാട്ടു വിളി തുടങ്ങും. ഇതാണ് ഏറ്റവും കൗതുകകരം. ഇന്ന് പ്രചാരത്തിലില്ലാത്ത തമിഴ് കലർന്ന പ്രാകൃതമായ ഒരു മലയാളത്തിലാണ് ഈ നായാട്ടുവിളി.
ആധുനിക ലിപി വ്യവസ്ഥയ്ക്കും നമ്മുടെ ഉച്ചാരണ ശീലങ്ങൾക്കും വഴങ്ങാത്ത ആ നായാട്ടു വിളി ഇങ്ങനെ:
"അയ്യ വാഓ വാഓ വാഓ ഹോ
അയ്യ അറിയ്യോ അറിയ്യോ അറിയ്യോ ഹോ
അയ്യന്തായത്തോ എത്തോ എത്തോ എത്തോ ഹോ
അയ്യ തെക്കോ തെക്കോ തെക്കോ തെക്കോടിയോരെ
എത്തോ എത്തോ എത്തായിക്കോയിക്കോ എത്തോ ധീരന്തെക്കോട്യരെ
നായും കൊണ്ട് തമ്മിലേറി വിളിയോ ഹോ
എത്തോ എത്തോ എത്തായിക്കോയിക്കോ
എത്തോ ധീരന്തെക്കോട്യരെ
ചൊക്കന്, വെള്ളൻ, വൈരൻ, വൈരക്കാലൻ
നായും കൊണ്ട് തമ്മിലേറി വിളിയോ ഹോ
എത്തോ എത്തോ എത്തായിക്കോയിക്കോ
എത്തോ ധീരന്തെക്കോട്യരെ
കാപ്പിടിയൻ വീണിനുക്ക് - അതിയത്തിര്വോഹോ
എത്തോ എത്തോ എത്തായിക്കോയിക്കോ
എത്തോ ധീരന്തെക്കോട്യരെ
പുതുവോ പുതുവോ ഹോ
തീരുവോരാരം തീരുവോരാരം
പോയ്ക്കോ പോയ്ക്കോ പോയ്ക്കോ
എത്തോ എത്തോ എത്തായിക്കോയിക്കോ
എത്തോ ധീരന്തെക്കോട്യരെ
തെക്ക്, കിഴക്ക്, വടക്ക്, പടിഞ്ഞാറേറിയ
ചൊക്കൻ, വെള്ളൻ, വൈരൻ, വൈരക്കാലൻ
കിഴക്കേ ചാലിൽ താണ് വിളിയോ ഹോ
കൂ..... കൂ..... കൂ..... "
തുടർന്ന് മൂന്ന് വെടി - ✴ ✴ ✴
വെടി പൊട്ടുമ്പോഴേക്കും വാദ്യങ്ങൾ മുഴങ്ങിത്തുടങ്ങും. ചെണ്ടയുടേയും ഇലത്താളത്തിന്റെയും ശബ്ദം. അതുവരെയുള്ള നിശബ്ദതയെ പിളർക്കും. വെടിക്കാരൻ ധൃതിയിൽ പന്നിയെ കടന്നെടുക്കും. ആളുകളുടെ ആരവം കൊണ്ട് രാത്രി മുഖരിതമാകും. പന്നിയെ എടുത്തയാൾ അമ്പലത്തെ ലക്ഷ്യമാക്കി ഓടിത്തുടങ്ങും. പിറകെ ആളുകളും, വാദ്യക്കാരും ആനകളും അനുഷ്ഠാനത്തിന്റെ ഭാഗമായ പ്രധാനികളും പതുക്കെ താളത്തിൽ ആൾക്കൂട്ടത്തെ പിന്തുടരും.
പന്നിയെ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ആളുകളിൽ നിന്ന് അത് പിടിവിട്ടു പോവാതിരിക്കാൻ വെടിക്കാരൻ പരമാവധി ശ്രമിക്കും. അയാൾ വിട്ടു കൊടുക്കുകയേയില്ല. ആളുകൾ പരസ്പരം ഉന്തും തള്ളും നടക്കും. എല്ലാവരും അമ്പലത്തിലേക്കുള്ള ഓട്ടത്തിലായിരിക്കും. ചിലർ ഉരുണ്ടു വീഴും. ഒടുക്കം വെടിക്കാരൻ വേട്ട മൃഗത്തെ അമ്പല നടയിൽ സമർപ്പിക്കും. ആളുകൾ പരിസരത്തു ധാരാളമായുള്ള കൊന്നമരങ്ങളിൽ നിന്ന് ചപ്പ് (ഇലകൾ) പറിച്ചു പന്നിയുടെ പ്രതിമയെ (വേട്ടമൃഗത്തെ) പ്രതീകാത്മകമായി തലങ്ങും വിലങ്ങും അടിക്കും. വാദ്യക്കാരും ആനകളും പ്രധാനികളും പതുക്കെ വഴിയോരത്തെ വീടുകളിലെ ഭക്തജനങ്ങളുടെ ആദരവും അനുഗ്രഹവും ഏറ്റുവാങ്ങിക്കൊണ്ട് താളത്തിൽ അമ്പലത്തിലേക്ക് വരും. പിന്നീട് പതിവ് ക്ഷേത്ര ചടങ്ങുകളോടെ അന്നേ ദിവസം പൂർണ്ണമാവും.
നാഗരികനാകുമ്പോഴും തന്റെ ഭൂതകാലത്തെ പാടെ ഉപേക്ഷിക്കാൻ കഴിയാത്ത മനുഷ്യന്റെ ചില പ്രാകൃത ചോദനകളുടെ ആവിഷ്കാരം. നിറഞ്ഞ ഇരുട്ടിൽ നിശബ്ദതയിൽ ആ ഒറ്റ മനുഷ്യന്റെ നായാട്ടുവിളി വല്ലാത്തൊരു അനുഭവമായിരുന്നു. തുടർന്ന് പ്രാകൃതമായ ഓർമ്മയിൽ അറിയാതെ നഖങ്ങൾ വളർന്നു വേട്ടമൃഗത്തിന്റെ പിറകിലോടുന്ന ആൾക്കൂട്ടം. സ്വയം മറന്നുള്ള ആരവം. നാഗരിക ജീവിതത്തിന്റെ ഒറ്റപ്പെടലിനും തിരക്കിനുമിടയിൽ ആണ്ടിലൊരിക്കലെങ്കിലും തന്റെ ഭൂതകാലത്തിന്റെ സ്വതന്ത്ര രഥ്യകളില് പ്രാകൃത കാമനകളെ സാക്ഷാത്കരിക്കാനുള്ള ആവേശം. ഉപജീവനത്തിന്റെ തത്രപ്പാടിൽ കാവിൽ നിന്നൊക്കെ അകന്നു പോയെങ്കിലും ചിലപ്പോൾ ഈ ഓർമ്മകൾ നമ്മളെ വന്ന് തീണ്ടും. ഓർമ്മകൾ തുടരും.
തൽക്കാലം വിട.
ഷജിൽ
*** ശുഭം ***