Lokanarkavu through experiences
ലോകനാര്കാവ് ക്ഷേത്രത്തിന്റെ പിറകുവശത്തു ഒരു സ്റ്റേജ് ഉണ്ടായിരുന്നു. ഒരുപാട് നാടകങ്ങളും കഥകളിയും സാഹിത്യ സമ്മേളനങ്ങളും മറ്റു കലാപരിപാടികളും നടന്ന ഇടം. നിങ്ങളിൽ തന്നെ പലരും പല കലാപരിപാടികൾ അവിടെ അവതരിപ്പിച്ചിട്ടുമുണ്ട്. 1974 ൽ നിർമ്മിച്ച ആ സ്റ്റേജ് ഇപ്പോൾ ഇല്ല. കഴിഞ്ഞ വർഷമാണെന്നു തോന്നുന്നു പൊളിച്ചു കളഞ്ഞു. അടുത്തൊന്നും അങ്ങോട്ട് പോകാത്തതിനാൽ പുതിയത് ഉണ്ടാക്കിയോ എന്നറിയില്ല. ഇതൊരു പഴയ ഓർമ്മ. സ്റ്റേജിനു മുന്നിലായി മൂന്നു വൻ ആൽമരങ്ങൾ, ആൽത്തറകൾ. പഠിക്കുന്ന കാലം. ചങ്ങാതിമാരുമായി സ്ഥിരമായി സ്റ്റേജിൽ ഇരിക്കുമായിരുന്നു. ചിലപ്പോൾ രാത്രി വൈകുമ്പോഴും.
സ്റ്റേജിൽ ഇരുന്നാൽ കാഴ്ചകൾ, മുന്നിൽത്തന്നെ മൂന്നു ആൽമരങ്ങൾ, ആൽത്തറകൾ, ക്ഷേത്രത്തിന്റെ പിൻവശം. ക്ഷേത്രത്തിനു മുന്നിലെ പടർന്നു പന്തലിച്ച പൈൻ മരത്തിന്റെ ഇലച്ചാർത്ത്, കാവിലെ കുറച്ചു കടകൾ, അങ്ങ് വിദൂരതയിൽ പയംകുറ്റിമലയുടെ ഉന്നതി.
കിഷോർ, ബിജു (കണ്ണൻ ബിജു), അമ്മാവൻ കുട്ടൻ, പവി (ചുണ്ടൻ പവി), വടപ്പിൽ ബാബു, അലക്സ് രവി, മുരളി, വേണു തുടങ്ങി പല ചങ്ങാതിമാർ. പല കഥകൾ, തമാശകൾ, ഇതൊക്കെ പങ്കുവെക്കുന്ന സജീവ സ്ഥലം. പവിയുടെയും ബാബുവിൻ്റെയും രവിയുടെയും തമാശകൾ, പരിഹാസങ്ങൾ, മുരളിയുടെ പാട്ട്, ഇങ്ങനെ സജീവമായ കാലം. അന്ന് അപരിചിതനായിരുന്ന ഇപ്പോൾ പ്രിയപ്പെട്ടവനായ മൈക്കിൾ സാറിൻറെ ഗിത്താറും പിടിച്ചു കൊണ്ട് ഇടയ്ക്കുള്ള പോക്ക്. സ്ഥിരമായി കാണുന്ന കിഷോർ, ബിജു , സാഹിത്യ ചർച്ചകൾ. പകലുകളിൽ പലപ്പോഴും മയ്യന്നൂരിൽ നിന്ന് വരുന്ന ചിത്രകാരൻ ശിവദാസൻ. തെങ്ങിൽ സുരേഷ്, കോളോറ മനോജ് എന്നിവരുടെ അപൂർവ്വ സാന്നിധ്യം. ഇങ്ങനെ പോകുന്ന കാലം.
ഒരു വൈകുന്നേരം, അന്ന് ഞാൻ ഒറ്റയ്ക്കായിരുന്നു. ആരുമില്ല. ചങ്ങാതിമാർ ആരെയും കാണാനില്ല. തനിച്ച് സ്റ്റേജിൽ വന്നിരുന്നു. കൂട്ടിനു രണ്ടു ബീഡികളും ഉണ്ട്. അന്തരീക്ഷം പതുക്കെ മാറിത്തുടങ്ങി. സന്ധ്യയായി. ഒരു മഴയുടെ തുടക്കം പോലെ. വിളക്കുകളണഞ്ഞു ' ചുറ്റമ്പലത്തിലെ തിരികൾ മാത്രം കത്തിനിന്നു', പെട്ടെന്നൊരു കാറ്റ് വീശി. സ്റ്റേജിനു മുന്നിലെ ഗ്രൗണ്ട് വിജനം. കാറ്റിലും മങ്ങിയ സാന്ധ്യ വെളിച്ചത്തിലും അപൂർവ്വമായൊരു കാഴ്ച. മുന്നിലെ അരയാലിൽ നിറയെ മിന്നാമിനുങ്ങുകൾ. ഒന്നല്ല, ആയിരമല്ല, ലക്ഷത്തിനുമപ്പുറം. പഴയ നളോ പാഖ്യാനത്തിലെ അക്ഷഹൃദയമന്ത്രം അറിയാത്തതുകൊണ്ട് എണ്ണിത്തിട്ടപ്പെടുത്താൻ കഴിഞ്ഞില്ല. പെട്ടെന്ന് കാറ്റ് അവയെ റാഞ്ചിയെടുത്തു. മുന്നിലെ ഗ്രൗണ്ടിൽ ഒരു ലൈറ്റ് ഷോ. കാറ്റ് പതുക്കെ ഒരു ട്വിസ്റ്റർ ആയി മാറുന്നു. മിന്നാമിങ്ങുകളെ പിടിച്ചെടുത്ത കാറ്റ് ഗ്രൗണ്ടിൽ വട്ടം കറങ്ങുന്നു. പിന്നെ പറന്നു പറന്നു എങ്ങോട്ടോ പോയി. ഞാൻ അമ്പരന്നു നിന്നു. ദൈവമേ ഇതെനിക്കായി കരുതി വച്ചിരുന്ന കാവിലമ്മയുടെയോ കാവിൻറെയോ സമ്മാനം. അപൂർവ്വമായ കാഴ്ച ഓർമ്മയിലേക്ക് പലതും കൊണ്ടുവന്നു.
അക്കാലത്തു വായിച്ച യസുനാരി കവാബാത്തയുടെ തടാകമെന്ന നോവലിൽ ജപ്പാനിലെ ഒരു കൗതുകകരമായ ഒരു ആചാരത്തെക്കുറിച്ച് പറയുന്നുണ്ട്. പ്രത്യേക സീസണിൽ തടാകക്കരയിൽ മിന്നാമിനുങ്ങുകൾ നിറയുന്ന സമയം. കമിതാക്കൾ അവയെ പിടിച്ചു കുഞ്ഞു പെട്ടികളിലാക്കി പ്രണയോപഹാരമാക്കുന്ന ഒരാചാരം. അതിനുമപ്പുറം മറ്റൊരോർമ്മ. കുട്ടിക്കാലം, നാലോ അഞ്ചോ വയസ്, പഴയ വീടിൻ്റെ തെക്കുഭാഗത്ത് ഒരു കൂറ്റൻ പുളിമരം ഉണ്ടായിരുന്നു. തെക്കു ഭാഗത്തു വൈകിട്ട് തിരിവെക്കുന്ന ഒരു ഇടിഞ്ഞിൽ ചിരാത് എന്നൊക്കെ മാനക ഭാഷയിൽ പറയുന്ന ഒന്ന്. പല ദിവസങ്ങളിലും കുട്ടിയായ ഞാനായിരിക്കും തിരി തെളിയിക്കുക.
അന്ന് സന്ധ്യക്ക് തിരിവെക്കാൻ പോയ എനിക്ക് വല്ലാത്തൊരു കാഴ്ചയുണ്ടായി. പുളിമരത്തിൻറെ കുഞ്ഞിലകളിൽ ഓരോന്നിലും കത്തുന്ന ഓരോ തിരി. ഞാനമ്പരന്നുപോയി. ഒരു വലിയ മരം മുഴുവൻ തെളിഞ്ഞു കത്തുന്ന തിരികൾ. ഇന്ന് ആ പഴയ വീടുമില്ല പുളിമരവുമില്ല. എങ്കിലും ഓർമ്മകൾ സജീവമായി തുടരുന്നു. പല പല കാലങ്ങളിൽ പല അനുഭവങ്ങളിൽ ഒരു തുടർച്ച കിട്ടുന്നു.
വീണ്ടും ഒരു വായനാനുഭവം. ദി റിമംബറൻസ് ഓഫ് തിങ്സ് പാസ്റ്റ് പ്രശസ്തമായ നോവൽ. ഒരു കേക്ക് കാപ്പിയിൽ മുക്കി കഴിക്കുമ്പോൾ അത് തരുന്ന രുചിയുടെയോ ഗന്ധത്തിൻ്റെയോ ഫലമായുണ്ടാക്കുന്ന ഒരു ബ്രിഹത് നോവൽ, അത് ആധുനിക യൂറോപ്പ്യൻ നോവലിന്റെ പിതാക്കന്മാരിൽ ഒരാളായി പ്രൂസ്തിനെ മാറ്റുന്നു. ഓർമ്മകളുടെ ഒരു കുത്തൊഴുക്ക്. തുടരും....
തൽക്കാലം വിട.
ഷജിൽ
*** ശുഭം ***